ജീതിതത്തിലെ ശരി തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും ശരിയിലൂടെ വഴി നടത്തുന്നതിലുമുള്ള കഴിവ് മാനദണ്ടമാക്കിയാല്‍ പ്രിയപ്പെട്ട ഉമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അധ്യാപിക. അവിടുന്നിങ്ങോട്ട് തിരിഞ്ഞു നോക്കിയാല്‍ അധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ജീവിതത്തിനു മുന്നില്‍; നിന്നെ ശരിയാക്കിത്തരാം എന്ന് പറഞ്ഞും പറയാതെയും എന്നെ ശരിയാക്കാന്‍ പണിയെടുത്ത ഒരുപാട് പേര്‍.
അലിഫിന്റെ ആദ്യാക്ഷരം പഠിപ്പിച്ചു തന്നെ തരിയേരി ശറഫുല്‍ ഇസ്ലാം മദ്രസയിലെ ഉസ്താദ് മൂസ മുസ്ല്യാരാണ് അധ്യാപക നിരയിലെ ആദ്യത്തെ കണ്ണി. ഭഗവതി വിലാസം സ്കൂളിലെ തങ്കമണി ടീച്ചര്‍ മുതല്‍ കൂടാളിഹൈസ്കൂളിലെ സാവിത്രി ടീച്ചര്‍ വരെയെത്തുന്ന നല്ല അധ്യാപികമാരും എന്നും കഥകള്‍ പറഞ്ഞ് തന്ന് മനസ്സിനെ തലോടുന്ന അറബി മാഷ് മുതല്‍ മുടി തൊട്ടുനോക്കി കുളിച്ചില്ലെന്ന് പറഞ്ഞ് ശരീരം തലോടുന്ന (തല്ലിത്തന്നെ) ഇ.പി.ആര്‍ മാഷ് വേശാല വരെയുള്ള നല്ല അധ്യാപകന്മാരും ആ മുറിയാത്ത കണ്ണികളിലുണ്ട്.
പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചും ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്നവരില്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നത് ബുഖാരി ദ-അവാ കോളജിലെ ഗുരുവര്യരും അധ്യാപകരുമാണ്. മതവും രാഷ്ടീയവും കലയും സാഹിത്യവും എഴുത്തും വായനയും ബഹുഭാഷകളും… എല്ലാം സ്വായത്തമാക്കാനും ഉപകാരപ്രദമായി വിനിയോഗിക്കാനും ശിക്ഷണം തന്ന ആ ഗുരുവര്യരും ഗുരുക്കളുടെ ഗുരുനാഥന്‍ ശൈഖുനാ തെന്നല ഉസ്താദും ഇന്നും വഴികാട്ടിയായുണ്ട്. ജീവിതയാത്രയില്‍ പെടുന്നനെയും അല്ലാതെയും യാത്ര ചോദിച്ചുപോയ പി.എം.കെ ഫൈസി ഉസ്താദും സി.എ. ഉസ്താദുമടങ്ങുന്ന പ്രിയപ്പെട്ട ഗുരുവര്യര്‍ ഓര്‍മയില്‍ മായാതെയുണ്ട്.
കണ്ണൂര്‍ ഗവ. പോളി ടെക്നിക് കോളജ് പഠനകാലത്തെ പ്രധാനാധ്യാപകന്‍ നിത്യാനാന്ദര്‍ സര്‍ മനസ്സിനെ നല്ലവണ്ണം സ്വാധീനിച്ച നല്ല അധ്യാപകരില്‍ ഒരാളാണ്. ബി.സി.എ, എം.സി.എ പഠന കാലത്ത് നേരിട്ടും അല്ലാതെയും അറിവു പകര്‍ന്നു തന്ന, അനുഭവങ്ങള്‍ പകര്‍ന്നു തന്ന നല്ല ഗുരുക്കന്മാരുടെ വലിയ നിര അഭിമാനപൂര്‍വ്വം മനസ്സിലുണ്ട്.
ഓര്‍മ്മയുടെ മുന്നിലെ നേരിയ മൂടുപടം നീക്കിയല്‍ തെളിഞ്ഞു വരുന്ന ആ പ്രിയ അധ്യാപകരെയും വന്ദ്യഗുരുവര്യരെയും സ്നേഹാദരങ്ങളോടെ ഓര്‍ക്കാന്‍ ഒരവസരമാണ് ഇന്നത്തെ #അധ്യാപക ദിനം
https://www.facebook.com/maniyoorin/